തിരുവനന്തപുരം : എല്ലാ വിശ്വാസികളും സൗഹൃദത്തോടെ കഴിയുന്ന സംവിധാനമാണ് മതേതരത്വമെന്നും, മതേതരത്വം തകർന്നാൽ ഇന്ത്യ ശിഥിലമാകുമെന്നും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മതേതരത്വത്തെ തൊട്ട് കളിച്ചാൽ അത് തീക്കളി ആകുമെന്നും ജയകുമാർ പറഞ്ഞു. ഗ്രന്ഥകാരനും സ്നേഹതീരം സെക്രട്ടറിയും ദീർഘകാലം പ്രവാസിയുമായിരുന്ന നൈനാർ മുഹമ്മദിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എം ആർ തമ്പാൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓൾസെയിൻറ്സ് കോളേജ് മലയാള വിഭാഗം മേധാവി ഡോ ഉദയകല പുസ്തക പരിചയം നടത്തി. ദൈവസാക്ഷ്യം, വംശീയ ദേശീയതക്കെതിരെ എന്നീ ലേഖന സമാഹാരങ്ങൾ സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബും മൂന്ന് നാടകങ്ങൾ എന്ന പുസ്തകം മനോരമ അസിസ്റ്റന്റ് എഡിറ്റർ രാജീവ് ഗോപാലകൃഷ്ണനും ഏറ്റുവാങ്ങി. സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈനും ഗ്രന്ഥകാരൻ നൈനാർ മുഹമ്മദും ചടങ്ങിൽ സംസാരിച്ചു.